അമിത വ്യായാമം ഹൃദയത്തെ കൊല്ലും : ഡോ. ജി. വിജയരാഘവൻ

മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്ടനും ഗവർണറുടെ എ.ഡി.സിയുമായിരുന്ന കെ. ഉദയകുമാർ ഹൃദയാഘാതം മൂലം മരണമടഞ്ഞത് കഴിഞ്ഞ ദിവസമാണ്.പ്രശസ്തരായ പല കായികതാരങ്ങളും ഇതുപോലെ ഹൃദയാഘാതം മൂലം മരിച്ചിട്ടുണ്ട്. നന്നായി വ്യായാമം ചെയ്യുകയും ഭക്ഷണത്തിലുൾപ്പെടെ ശ്രദ്ധിക്കുകയും ചെയ്യുന്ന കായിക താരങ്ങൾക്ക് ഹൃദ്രോഗം വരുന്നത് സാധാരണക്കാരിൽ അമ്പരപ്പ് സൃഷ്ടിക്കാറുണ്ട്. എന്നാൽ ദീർഘദൂര ഓട്ടക്കാരുടെയും അമിത കായികാധ്വാനം വേണ്ടിവരുന്ന ഇനങ്ങളിൽ മത്സരിക്കുന്ന താരങ്ങളുടെയും ശരീരം ഇതിനായി എങ്ങനെ രൂപപ്പെടുന്നു എന്ന് ചിന്തിക്കണം.

കായികതാരങ്ങളുടെ ശരീരത്തിന്റെയും ഹൃദയത്തിന്റെയും ഘടന സാധാരണക്കാരിൽ നിന്ന് വ്യത്യസ്തമാണ്. കായികാധ്വാന വേളയിൽ ഹൃദയ സ്പന്ദനം സാധാരണ 150 മുതൽ 160 വരെയാകുന്നു. ഹൃദയം അമിതമായി സ്പന്ദിക്കുമ്പോൾ രക്തസമ്മർദ്ദം കൂടും. സ്ഥിരമായി കളിക്കുകയും ഓടുകയും ചെയ്യുന്ന ആളുകളിൽ ഹൃദയസ്പന്ദനം ക്രമാതീതമായി കൂടാറില്ല. കാരണം ഇവർ സ്ഥിരമായി കായികാധ്വാനത്തിൽ ഏർപ്പെടുന്നതിനാൽ ഹൃദയത്തിന്റെ അറകൾക്ക് കട്ടി കൂടുതലായിരിക്കും. സാധാരണയിൽ കൂടുതൽ രക്തം ഉൾക്കൊള്ളാനും പമ്പ് ചെയ്യാനും കഴിയും.

കായിക താരങ്ങൾ വിശ്രമിക്കുന്ന വേളയിലാകട്ടെ ഹൃദയസ്പന്ദനം സാധാരണയിലും കുറഞ്ഞ അവസ്ഥയിലായിരിക്കും. സാധാരണ വ്യക്തിയുടെ ഹൃദയം 70 മുതൽ 80 തവണ സ്പന്ദിക്കുമ്പോൾ ഇവരുടേത് 50 തവണയായിരിക്കും സ്പന്ദിക്കുക. വളരെ നാളായുള്ള വ്യായാമം കൊണ്ടാണ് ഇവരുടെ ഹൃദയ നിലയിൽ മാറ്റം വരുന്നത്. രക്തസമ്മർദ്ദവും താഴ്ന്ന നിലയിലായിരിക്കും. അതുകൊണ്ടാണ് മികച്ച പ്രകടനം നടത്താൻ ഇവർക്ക് കഴിയുന്നത്.വിശ്രമ സമയത്തെ ഹൃദയമിടിപ്പ് വീണ്ടും കുറഞ്ഞാൽ അത് അസുഖമായി മാറും. ഹൃദയത്തിന്റെ അറയുടെ കട്ടി കൂടുന്നത് മിക്ക കായികതാരങ്ങളിലും കണ്ടുവരാറുണ്ട്. കട്ടി കൂടി ഒരു പരിധി കഴിഞ്ഞാൽ ചില കോശങ്ങൾ ശരിയായി പ്രവർത്തിക്കാതെയാവും. അപ്പോഴാണ് ഹൃദയസ്പന്ദനത്തിന് വിഘാതമുണ്ടായി മരണമടയുന്നത്. കായികതാരങ്ങൾ കൃത്യമായ ഇടവേളകളിൽ ഹൃദയ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

ചുരുക്കം ചിലരിൽ പ്രായം കൂടുമ്പോൾ ഹൃദയസ്പന്ദനം വളരെ വേഗത്തിലാവുന്നു. രക്തസമ്മർദ്ദം വർദ്ധിച്ച് രക്തക്കുഴലിന് കേട് സംഭവിക്കുന്നു. രക്തക്കുഴൽ പെട്ടെന്ന് അടഞ്ഞു പോകാം. അത് മരണത്തിന് കാരണമാവും. ഹൃദയത്തിന്റെ അറയുടെ കട്ടി കൂടുന്നത് പോലെതന്നെ അറയുടെ വ്യാസം കുറയാനും സാദ്ധ്യതയുണ്ട്. ഹൈപ്പർടോപ്പിക് കാർഡിയോ മയോപതി എന്ന് വിളിക്കുന്ന അവസ്ഥ ആദ്യം കണ്ടെത്തിയത് ജപ്പാനിലാണ്.

നെഞ്ച് വേദന, ശ്വാസംമുട്ടൽ എന്നിവ ഇല്ലാത്ത ഹൃദ്രോഗികൾ ഡോക്ടറുടെ നിർദ്ദേശാനുസരണം വ്യായാമത്തിന് വേണ്ടിയുള്ള കളികളിൽ ഏർപ്പെടാവുന്നതാണ്. ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങി ആറു മണിക്കൂറിനുള്ളിൽ വിദഗ്‌ദ്ധ ചികിത്സ ലഭിച്ചിരിക്കണം. ട്രെഡ്മിൽ വാങ്ങി അതിൽ അമിത വേഗത്തിൽ ഓടി ഹൃദ്രോഗം വരുത്തി വച്ചവരുമുണ്ട്. ട്രെഡ്മിൽ ശരീരം വാംഅപ്പ് ചെയ്യാൻ വേണ്ടിയുള്ളതാണ്. മെഷീനോട് മത്സരിക്കാൻ നിൽക്കരുത്.(പ്രശസ്ത ഹൃദ്രോഗ ചികിത്സാ വിദഗ്ധനും തിരുവനന്തപുരം കിംസ് ആശുപത്രിയുടെ വൈസ് പ്രസിഡന്റുമാണ് ലേഖകൻ)

You must be logged in to post a comment Login